അടഞ്ഞു; ആളുന്തി രാഗം പകർത്തിയ ആ ക്യാമറക്കണ്ണ്..!
ഡോ. സഞ്ജീവൻ അഴീക്കോട്
മലയാള പത്രമുത്തശ്ശിയായ ദീപികയിലെ പത്രപ്രവർത്തന ജീവിതത്തിൽ നിന്ന് കൂടു മാറിയ കാലം.
അച്ചടിമാധ്യമത്തിൽ നിന്ന് ദൃശ്യ മാധ്യമാരങ്ങിലേക്ക് ..
ഏഷ്യാനെറ്റിൽ മാങ്ങാട് രത്നാകരേട്ടന്റെ കീഴിൽ കണ്ണൂരിൽ കുറച്ചു കാലം പരിശീലനം നേടിയ ശേഷമാണ് ജീവൻ ടി.വി.യിലെത്തിയത്.
ഷാജഹാനും
സി.ആർ രാജേഷുമൊക്കെ നല്കിയ പ്രചോദനം മുതൽ കൂട്ടായി..
ഒപ്പം കൈരളിയിലെ മധുവും ബാബുരാജും സൂര്യയിലെ ഇ.എം.ആറും ഇന്ത്യാവിഷനിലെ സി.കെ.വിജയനും [ ഇപ്പോൾ മാതൃഭൂമി ]
ഒക്കെ പ്രോത്സാഹിപ്പിച്ചു.
കേരള പത്രപ്രവർത്തക
യൂണിയൻ പ്രവർത്തനത്തിൽ അന്ന് സജീവം.
അക്കാര്യം ജീവൻ മേലധികാരികൾക്കറിയുകയും ചെയ്യാം. [അതിനു വിലക്കൊന്നുമുണ്ടായിട്ടുമില്ല. ക്ട്ടോ]

കണ്ണൂർ കാൽ ടെക്സിലെ സന്നിധാൻ റോഡിൽ ആൽഫാ കോംപ്ലക്സിലാണ് ബ്യൂറോ.
ക്യാമറാമാനും
ലേഖകനും മാത്രം.
വാർത്ത ശേഖരിക്കാൻ ഒരു ഓംനിവാൻ.
ക്യാമറാമാനാണ് അത് ഓടിച്ചിരുന്നത്. അദ്ദേഹത്തിന്റെ താമസം ബ്യൂറോവിനു
തൊട്ട മുറിയിൽ ..
പത്തനംതിട്ടയിൽ നിന്ന് ജീവനിൽ
ഡ്രൈവറായിയെത്തി പിന്നെ
വീഡിയോ ക്യാമറ പടിപടിയായി പഠിച്ചെടുത്തതാണ്.
നല്ല ഉത്സാഹി ഏതു പാതിരാവിലും എവിടേക്കും ഓടിയെത്താനുള്ള ഊർജ്ജസ്വലത.
അന്ന് ഏഷ്യാനെറ്റ് ന്യൂസ്ക്യാമറാമാനായിരുന്ന പരേതനായ ശെൽവരാജ് കയ്യൂരിൽ നിന്ന് ന്യൂസ്ക്യാമറയുടെ പ്രായോഗികാനുഭവ പാഠ ങ്ങൾ ഹൃദിസ്ഥമാക്കിയ കാര്യവും പങ്കു വച്ചു.
ഓഫീസിലെ കണക്കുകൾ കൃത്യമായി കൈകാര്യം ചെയ്യുന്നതു റൂമിന്റെവാടക നല്കുന്നതും വാഹനത്തിനുണ്ടാകുന്ന തകരാറുകൾ പരിഹരിക്കലും
ഒക്കെ ക്യാമറാമാൻ തന്നെ . വേണ്ടി വന്നാൽലേഖകൻ ലീവായാൽ അത്യാവശ്യവാർത്തകളും കൈകാര്യം ചെയ്യും.
സഞ്ജീവൻ
വാർത്തകളുടെ ചുമതല മാത്രം വഹിച്ചാൽ മതിയെന്ന് കൊച്ചിയിൽ നടന്ന കൂടിക്കാഴ്ചയിൽ
ജീവൻ മാനേജ്മെന്റ് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.. അങ്ങനെയാണ് കണ്ണൂർ ബ്യൂറോ വിൽ ചുമതലയേറ്റത്. ഇക്കാര്യം ക്യാമറാമാനെ എഡിറ്റർ അറിയിക്കുകയുമുണ്ടായി.
പത്രപ്രവർത്തക യൂണിയൻ സംസ്ഥാനസമ്മേളനം
കണ്ണൂരിൽ നടക്കുന്ന ഘട്ടം.
പ്രസ് ക്ലബിൽ .
ജീവൻ ക്യാമറാമാനും സജീവമാണ്. ഏഷ്യാനെറ്റിലെ സാജനും കൈരളി ബാബു രാജും സീൽ ടി.വി യിലെ പി.എസ്. വിനോദും അമൃതയിലെ ശരതും
സിറ്റി ചാനലിലെ ഡാങ്കേയ്ക്കുമൊപ്പം ജീവൻ ക്യാമറാമാനും പല ആവശ്യങ്ങൾക്കുമായി രാപ്പകൽ ഭേദമെന്യേ അദ്ധ്വാനിച്ചു.
മാതൃഭൂമിയിലെ
പി.പി.ശശീന്ദ്രൻ ,
ദിനകരൻ കൊമ്പിലാത്ത്
എ. കെ. സജീവൻ.
മധുരാജ്
സി. സുനിൽകുമാർ
ദേശാഭിമാനിയിലെ മനോഹരൻ മോറായി
പി.എം.മനോജ്
രാജഗോപാൽ
കെ. ബാലകൃഷ്ണൻ
കെ.ടി. ശശി., കെ.എൻ.ബാബു
സുദിനത്തിലെ
യു ബാബു ഗോപിനാഥ് ,
അബ്ദുൾ മുനീർ
കേരള കൗമുദിയിലെ സി.പി.സുരേന്ദ്രൻ, ഒ.സി. മോഹൻ രാജ്,, എം.വി. പ്രസാദ്,
സ്ഫോടനത്തിലെ സി.കെ. സുനിൽ
ചന്ദ്രികയിലെ വി.എൻ അൻസൽ, മലയാളമനോരമയിലെ
ജിജോ , അനിൽ കുരുടത്ത്, എം.പി. സുകുമാരൻ
ഏഷ്യാനെറ്റിലെ മാങ്ങാട് രത്നാകരൻ, മക്തബിലെ പ്രശാന്ത് പുത്തലത്ത്, സദാശിവൻ ഇരിങ്ങൽ മാധ്യമത്തിലെ ഫസൽ, സി.കെ.എ ജബ്ബാർ , മട്ടന്നൂർ സുരേന്ദ്രൻ , ജന്മഭൂമി ദാമോദരേട്ടൻ, യു.പി. സന്തോഷ്
ജയ്ഹിന്ദിലെ എൻ.പി.സി. രഞ്ജിത്ത്, [ ഇപ്പോൾ മലയാളമനോരമ ] തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ തകൃതി. വാർത്തകൾ റിപ്പോർട്ടു ചെയ്യുന്നതിനൊപ്പം സമ്മേളന സംഘാടനവും പത്രപ്രവർത്തകരെ സംബന്ധിച്ച് ഒന്നിച്ചു കൊണ്ടുപോകൽ വലിയ വെല്ലുവിളിയായിരുന്നു.
കണ്ണൂർ പ്രസ് ക്ലബ്ബ് 24 മണിക്കൂറും പ്രവർത്തിച്ച കാലമാണത്.
ഊണും ഉറക്കവുമില്ലാതെ നടത്തുന്ന സംഘാടനത്തിന് പ്രസ്ക്ലബ് ഓഫീസ് സെക്രട്ടറി ജിജോയെ സഹായിക്കാൻ രാജേഷ് കൊല്ലറേത്തും . അവർക്കൊപ്പം ജീവൻ ക്യാമറാമാനും….
ആയിടയ്ക്ക് ഒരു രാത്രി
ജീവൻ ഡസ്കിൽ നിന്ന് സ്പെഷൽ സ്റ്റോറി വേണമെന്നു പറഞ്ഞ് എഡിറ്ററുടെ സന്ദേശമെത്തി.
കൾച്ചറൽ സ്റ്റോറിയാകുമ്പോൾ കുറേക്കൂടി നല്ലതാവുമെന്നും നാളെ രാവിലെ പത്തിനുള്ളിൽ തയ്യാറാക്കാൻ ശ്രമിക്കണമെന്നും എഡിറ്റർ ബാബു സാർ നിർദ്ദേശിച്ചു.
കൾച്ചറൽ സ്റ്റോറിയിൽ അന്ന്
ഏഷ്യാനെറ്റ് മുന്നേറുന്ന ഘട്ടമാണ്:
അതിവേഗത്തിൽ സ്റ്റോറികൾ തയ്യാറാക്കി അവതരിപ്പിക്കുക എന്ന മിടുക്ക്
ദൃശ്യമാധ്യമ പ്രവർത്തനത്തിൽ അതിപ്രധാനപ്പെട്ട കാര്യവുമാണല്ലോ.
പെരും മഴ പെയ്യുന്ന
കർക്കടകത്തിന്റെ അവസാന രാത്രിയിൽ ഒമ്പതര മണി സമയത്താണ് ഇക്കാര്യം. പറഞ്ഞത്. സമയം
തികച്ചും യാദൃച്‌ഛികം.
എന്തായാലും നല്ല ഒരു സ്റ്റോറി ചിത്രീകരിക്കാൻ വേണ്ടി അതിരാവിലെ പോകാൻ തയ്യാറാകണമെന്നു ക്യാമറാമാനോട് നിർദ്ദേശിച്ചു..
ഇന്ധനം നിറച്ച് ഓംനി വാനും
രാമായണം കിളിപ്പാട്ടു പാടി
കർക്കടക ദുർഘടത്തിന്റെ
ആധിവ്യാധികൾക്കറുതി കണ്ടെത്തുന്ന വിശ്വാസ സമൂഹം.
അവർക്കു
മുമ്പിലിതാ ചിങ്ങ വസന്തമെത്തുകയായ്.. പൊന്നോണപ്പാട്ടുകളുടെ ഉദയ രാശി..
കോലത്തുനാട്ടുകാർ
ആളുന്തി രാഗം പാടിയാണ്
ചിങ്ങത്തെ
വരവേൽക്കുന്നത്..
മലയാണ്മയുടെ കാവ്യ സാഹിത്യ ചരിത്രത്തിൽ തെളിമലയാളപ്പേച്ചിന്റെ
വസന്ത രാഗം..
ഇക്കാര്യം ഒരു സ്റ്റോറിയാക്കാൻ
മനസ്സിൽ നിനച്ചു.
അഴീക്കോട് വരപ്രസാദംവീട്ടിലെത്തി.
ദീപികയിൽ പത്രപ്രവർത്തകനായിരിക്കെ
1994 കാലഘട്ടത്തിൽ കോലത്തിരി കോവിലകത്ത് ഫോട്ടോ ജേർണലിസ്റ്റ് എസ്.കെ മോഹനൊപ്പം വലിയരാജാവിന്റെ ചിത്രം പകർത്തിയ കാര്യവും അകതാരിൽ തെളിഞ്ഞു.
രാത്രി തന്നെ ചിറക്കൽ
പുതിയ കൊട്ടാരത്തിലേക്ക് വിളിച്ചു.
സെന്റ് മൈക്കിൾസ് സ്കൂൾ ടീച്ചറായ
സുമാ സുരേഷ് വർമ്മയോടും പിന്നെ
സുരേഷ് വർമ്മയോടും കാര്യങ്ങൾ പറഞ്ഞു.
പുതിയ കൊട്ടാരം ഒന്നു ചിത്രീകരിക്കാനാണ്. ബാക്കി രാവിലെ വന്നിട്ടു പറയാം.
രാവിലെ ആറു മണിയോടെ. ഞങ്ങൾ പുതിയ കൊട്ടാരത്തിലെത്തി. തൊട്ടടുത്ത് സുരേഷ് വർമ്മയുടെ വീട്.
ആധുനിക രീതിയിൽ പണിതതാണെങ്കിലും പാരമ്പര്യവാസ്തു ശൈലി ഒരു പരിധി വരെ നിലനിർത്താൻ ശ്രമിച്ചിട്ടുണ്ട്.
പൂജാമുറിക്കു
മുമ്പിലായുള്ള
നാലുകെട്ടിന്റെ മുറ്റത്ത് കൽവിളക്ക്.
നിറകിണ്ടിയും
നിറ വിളക്കും നിറപറയും ഒരുക്കി ചിങ്ങ സൂര്യനെ
വരവേൽക്കുന്ന മനോഹര ദൃശ്യം.
കോലത്തിരി കൊട്ടാരത്തിലെ ഇളമുറ രാജാവിന്റെ കെട്ടിലമ്മ അവിടെ ചമ്രം പടിഞ്ഞിരുന്ന്
ചിങ്ങപ്പാട്ട് പാടുകയാണ്..
അഞ്ചുനൂറ്റാണ്ടുകൾക്കു മുമ്പ് കോലത്തിരി
വലിയ രാജ ഉദയവർമ്മയും കവിയായ നമ്പൂതിരിയും ചൂതുകളിച്ചപ്പോൾ അന്നത്തെ കോലത്തിരി രാജ്ഞി പാടിയ ആളുന്തി രാഗത്തിന്റെ പുനരാവർത്തനം…
രാജ്ഞി
ആരോമൽക്കുഞ്ഞിനെ ഉറക്കാൻ തയ്യാറെടുക്കവെയാണ്
ചതുരംഗക്കളി കണ്ടത്.
പലകയിലെ കരു നീക്കം ശ്രദ്ധിച്ചപ്പോൾ മഹാരാജാവ് ഇതാ തോൽക്കാൻ പോകുകയാണെന്ന് മനസ്സിലാക്കി.
ഉടനെ
നാവിൻ തുമ്പിൽ ഒരു
താരാട്ടുപാട്ടെത്തി….
അകത്തളത്തിൽ നിന്ന് രാജ്ഞിയുടെ ആ
ഉറക്കു പാട്ട് അന്തരീക്ഷത്തിൽ പ്രതിധ്വനിച്ചു..
“ഉന്തുന്തുന്തുന്തുന്താളെയുന്ത് .. “
ആ രാഗം മഹാരാജാവിന്റെ ചിന്തയുണർത്തി. നൊടിയിടയിൽ
വലം കൈ വിരൽ
ചതുരംഗപ്പലകയിലെ ആളെന്ന കരുവിലേക്ക്..
അതെ
ആളെയുന്തിയപ്പോൾ
നമ്പൂതിരി വീണു.
അങ്ങനെ ഉദയവർമ്മൻ
കോലത്തിരി
വിജയശ്രീലാളിതനായി.
രാജ്ഞി പാടിയ താരാട്ടു ശീലിൽ ഒരു മഹാകാവ്യം രചിക്കാൻ നമ്പൂതിരിയോട് കല്പിച്ചു
ദ്രാവിഡ രാഗത്തിൽ മഞ്ജരി വൃത്തമായി .
വിഷ്ണുഭാഗവതത്തിലെ ദശമസ്കന്ദം ഇതാ
മലയാളത്തിലേക്ക് ..
കോലത്തുനാട്ടിന്റെ തെളിമലയാളപ്പേച്ചിൽ മഹാകാവ്യം പിറന്നു. കൃഷ്ണപ്പാട്ട് അഥവാ
കൃഷ്ണഗാഥ
അതെ
രാജ്ഞി പാടിയ
ഉറക്കുപാട്ട് അഥവാ ആളുന്തി രാഗം ദ്രാവിഡത്തനിമയുള്ള ചെറുശീലാക്കി
നമ്പൂതിരി കവി മാറ്റി.
അത് പിന്നെ ചെറുശ്ശേരിപ്പാട്ടായി.
കോവിലകത്തെത്തി
അരചന് കാവ്യം
കാഴ്ചവച്ചു. തിരുമനസ്സ് സംതൃപ്തനായി. ഉടനെ തന്നെ
ഉദയവർമ്മ മഹാരാജാവിന്റെ
ഒരു വിളംബരമിറങ്ങി..
ശ്രീകൃഷ്ണ ജന്മാഷ്ടമി മാസമായചിങ്ങത്തിൽ എല്ലാ ദിവസവും രാവിലെ തന്റെ പ്രജകൾ
ചെറുശ്ശേരിയുടെ ചെറുശീലായ കൃഷ്ണഗാഥ
പാരായണം ചെയ്യണമെന്നാണ്
ഉദയവർമ്മൻ തിരുമനസ്സ് കല്പിച്ചരുളിയത്.
വിഷ്ണുഭക്തൻ
കൂടിയായ ഉദയവർമ്മ മഹാരാജാവിന്റെ
രാജശാസന പ്രജകൾ ശിരസാ വഹിച്ചു.
മഹാകാവ്യത്തെയും മഹാകവിയേയും നെഞ്ചേറ്റിയ കോലത്തിരിയുടെ പ്രജകൾ
ചിങ്ങമാസത്തിൽ നടത്തുന്ന
കൃഷ്ണപ്പാട്ട് പാരായണം ഉത്തര കേരളത്തിന്റെ
കാവ്യ സംസ്കാരമുദ്രയായി മാറി.
സംസ്കൃത പണ്ഡിതനായ കവി നാട്ടു ശീലും നാട്ടു മൊഴിയുമാണ് ഗാഥാ കാവ്യത്തിൽ ഉപയോഗിച്ചതെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ജന്മനാട്ടിന്റെ
വാമൊഴി ശീലിന് കിട്ടിയ
രാജകീയ അംഗീകാരം കൂടിയാണത്.
.
തെളിമലയാളത്തെ മഹാകാവ്യമാക്കിയ ചെറുശ്ശേരിയും ഉദയവർമ്മൻകോലത്തിരിയും അത് ഏറ്റു പാടിയ പ്രജകളും അങ്ങനെ മലയാളഭാഷയുടെ വളർച്ചയിൽ
പുതിയൊരു കാവ്യപാരായണ സംസ്കാരത്തിന് തുടക്കം കുറിച്ചു.
യുദ്ധവീര്യമുണർത്തിയ ചീരാമന്റെ രാമചരിതവും അയ്യപ്പിള്ളി ആശാന്റെ രാമകഥപ്പാട്ടും കണ്ണശ്ശ കവികളുടെ ഭാരത, രാമായണ, കാവ്യങ്ങൾക്കും പിറകെയാണ്
ഉത്തര കേരളത്തിന്റെ സ്വന്തം മഹാകാവ്യമായ കൃഷ്ണപ്പാട്ട്.
[ഈയൊരു പശ്ചാത്തലത്തിലാണ് പിന്നീട് തുഞ്ചത്ത് എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ട് അഖില കേരളാടിസ്ഥാനത്തിൽ പാരായണം ചെയ്യപ്പെട്ടത് എന്ന കാര്യവും ഇവിടെഓർക്കാം. ]
രാജാധിപത്യം മാറി ജനാധിപത്യം വന്നപ്പോഴും ഉത്തര കേരളീയർ കോലത്തു രാജ്ഞി പാടിയ ആളുന്തി രാഗത്തിൽ പിറന്ന ചിങ്ങപ്പാട്ട് മറന്നില്ല.
കർക്കിടക സൂര്യൻ ചിങ്ങത്തിലേക്ക് സംക്രമിക്കുമ്പോൾ ഇതാ ചിറക്കൽ പുതിയ കൊട്ടാരത്തിൽ നിന്ന് യുവരാജാവിന്റെ കെട്ടിലമ്മ ആ പാട്ട് പാടുകയാണ്.
“ആജ്ഞയാ
കോല ഭൂപസ്വ
പ്രാജ്ഞസ്യോദയവർമ്മ ണ
കൃതായാം കൃഷ്ണഗാഥാ യാം..”
സംഗീതജ്ഞയും സംഗീതഗവേഷകയുമായ
സുമാ സുരേഷ് വർമ്മ
ആ ദ്രാവിഡശീൽ
മനോഹരമായി അവതരിപ്പിച്ചു..
“ഇന്ദിരാ തന്നുടെ പുഞ്ചിരിയായോരു
ചന്ദ്രിക മെയ്യിൽ പരക്കയാലേ…”
ചെറുശ്ശേരി ശീലിന്റെ
പശ്ചാത്തലത്തിൽ
കോവിലകവും ചിറക്കൽ ചിറയും കൊട്ടാര കെട്ടും ക്ഷേത്രങ്ങളും കടലായി വയലുമൊക്കെ ക്യാമറയിലേക്ക് ..
ആളുന്തി രാഗം പാടി ചിങ്ങത്തെ വരവേൽക്കുന്ന ഉത്തര കേരള പാരമ്പര്യം അങ്ങനെ കൊച്ചി ജീവൻ ഡസ്കിലെത്തി
എഡിറ്റർ ബാബു സാറിന്റെ മേൽനോട്ടത്തിൽ ദൃശ്യങ്ങൾ സ്റ്റോറിക്കനുസൃതമായി എഡിറ്റു ചെയ്തു..
രാത്രി
സ്പെഷൽ സ്റ്റോറിയായി
ഓൺ ദ എയറിൽ
കണ്ണൂരിൽ നിന്ന് ക്യാമറാമാൻസോളമൻ റാഫേലിനൊപ്പം
ഡോ. സഞ്ജീവൻ അഴീക്കോട് :
സാങ്കേതിക
പരിമിതിക്കുള്ളിൽ ദൃശ്യങ്ങൾ ഒപ്പിയെടുത്ത് മനോഹരമാക്കാൻ ക്യാമറാമാൻ നന്നേ അധ്വാനിച്ചു..
സ്റ്റോറി കണ്ട ഉടൻ
ഏഷ്യാനെറ്റിൽ നിന്ന്
മാങ്ങാട് രത്നാകരേട്ടന്റെ അഭിനന്ദനം ..
അതു കേട്ടപ്പോൾ
ചെറുശ്ശേരിപ്പാട്ടിലെ
: “ഇന്ദിര തന്നുടെ പുഞ്ചിരിയായ ചന്ദ്രിക
സോളമന്റെ മുഖത്ത് ഉദിച്ചുയരുകയായിരുന്നു..
ജീവനിലെ ചീഫ് ക്യാമറാമാനായി സോളമൻ റാഫേൽ പിന്നെ കൊച്ചിയിലെത്തി.
വിവിധ ബ്യൂറോകളിലും സ്റ്റുഡിയോകളിലും ആ ക്യാമറ കണ്ണുകൾ പതിഞ്ഞു..
പരിമിതികളെ തട്ടി മാറ്റി വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ടേക്ക് നടന്ന സോളമന്റെ , ജീവന്റെ ക്യാമറക്കണ്ണ്.
മനസ്സിൽ നല്ല ചിത്രങ്ങൾ അവശേഷിപ്പിച്ച് ഇന്നലെ എന്നന്നേക്കുമായി അടഞ്ഞു.
ജീവൻ ടി.വി.യിൽ നിന്ന്
വിപിൻദാസ് ആ വിയോഗ വാർത്ത ഞങ്ങളെ അറിയിച്ചു.
ജീവൻ ന്യൂസ് ചീഫ് ക്യാമറാമാൻ സോളമൻജേക്കബ് (46)നിര്യാതനായി.. പത്തനംതിട്ട വെച്ചുചിറ കൂടത്തിനാൽ പരേതനായ ഫാ. ജേക്കബ് സോളമന്റെ മകനാണ്. മിനിയാണ് ഭാര്യ
വിവരമറിഞ്ഞ് കൊച്ചിയിലെ ജീവൻ ആസ്ഥാനത്തേക്ക് വിളിച്ചു.
ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നു കുറച്ചു കാലമായി സോളമൻ ചികിത്സയിലായതും
ഡയാലിസിസിനു വിധേയനായതുമൊക്കെ ജീവൻ എഡിറ്റർ ബാബു സാർ വിശദമായിപറഞ്ഞു.
ചീഫ് കാമറാമാനായ
സോളമൻ പക്ഷേ
അസുഖ ബാധിതനായതിനെ തുടർന്ന് കുറേക്കാലം അവധിയിലായിരുന്നു. വിധി നിശ്ചയം ആർക്കും തടുക്കാൻ പറ്റില്ലല്ലോ..
പ്രിയ സോളമൻ
ഞങ്ങളുടെ
മനസ്സിൽ നിറയുന്നത് നിന്റെ ആ
തെളിമ നിറഞ്ഞ പുഞ്ചിരിയാണ്
കോലത്തുനാട്ടിലെ ആ ആളുന്തി രാഗത്തിന്റെ ഗാഥ പാടി ഞങ്ങളിതാ ആത്മാവിന് നിത്യ ശാന്തിക്കായി പ്രാർഥിക്കട്ടെ..
സഹോദരാ പ്രണാമം
ആത്മശാന്തി
കണ്ണൂർ പ്രസ് ക്ലബ്ബിനൊപ്പം
ഡോ.സഞ്ജീവൻ അഴീക്കോട്
29.04.2022
