പൂരാരവം നിറഞ്ഞ മനസ്സിൽ തെരഞ്ഞെടുപ്പ് കാലത്തെ പഞ്ച് ഡയലോഗ്… ” തൃശ്ശൂർ ഞാനിങ്ങട്ടെടുക്കയാ..” ആ ഡയലോഗ് സ്മൃതികളുമായി ഇനി കൊച്ചിയിലേക്ക്…

Posted on: May 5, 2022

ദേപോയി.. ദാ വന്നു ഒറ്റക്കൊമ്പൻ..! ദൈവനീതിക്ക് ദാക്ഷിണ്യമില്ല…!

ഡോ. സഞ്‌ജീവൻ അഴീക്കോട്

ഇടഞ്ഞ കൊമ്പനെത്തി;
അമ്മയ്ക്കു മുമ്പിൽ ,
ദാ..ഒറ്റക്കൊമ്പന്റെ കൊമ്പുമായി…

പൂരത്തിരക്കിനിടയിലൊരു
‘അമ്മ’ ദർശനം

നീണ്ട കുറിപ്പാണ്
സമയമെടുത്ത് വായിക്കേണ്ടിവരും.

സദ്യവട്ടമൊക്കെ ഒരുക്കി ഒറ്റക്കൊമ്പനെ കാത്തു നിന്നഅമ്മയുടെ കാര്യമല്ലേ…
സഹൃദയർ പൊറുക്കണം.

പൂരപ്പറമ്പിൽ നിന്നു തന്നെതുടങ്ങാം.

പാറമേക്കാവ് ഭഗവതിയെ ഇല്ലഞ്ഞിത്തറ മേളത്തിന് ഇക്കുറി എഴുന്നള്ളിക്കുന്നത് ഗുരുവായൂർ നന്ദനാണത്രെ.
കുടമാറ്റത്തിന് പാറമേക്കാവ് കാശിനാഥനും
പകൽ പൂരത്തിന് ഏറണാകുളം ശിവകുമാറുമുണ്ട്.

എങ്ങുംപൂരാരവം.
അതിനിടയിലാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് പൂരം..
ഒപ്പം
നടിയെ ആക്രമിച്ച സംഭവവുമായി
ബന്ധപ്പെട്ട വാർത്തകളുംചർച്ചകളുമുണ്ട്.
.
താരസംഘടനയായ അമ്മയും
ഡബ്ല്യു സി.സി.യും
ഹേമ കമ്മിറ്റി റിപ്പോർട്ടും
അമ്മയിലെഅംഗങ്ങളുടെ രാജിയും തുടർചലനങ്ങളും ഒക്കെ
നിറഞ്ഞു നിൽക്കുന്നു.

പൂരാരവം നിറഞ്ഞ മനസ്സിൽ
തെരഞ്ഞെടുപ്പ് കാലത്തെ
പഞ്ച് ഡയലോഗ്…
” തൃശ്ശൂർ ഞാനിങ്ങട്ടെടുക്കയാ..”
ആ ഡയലോഗ് സ്മൃതികളുമായി
ഇനി കൊച്ചിയിലേക്ക്..

സ്ഥലരാശി.
കലൂരിലെ അമ്മയുടെ ആസ്ഥാന മന്ദിരം.
മഹാമാരി ഭീതിക്കു ശേഷം മുഖമറ മാറ്റി അംഗങ്ങൾ ഒത്തുകൂടിയിരിക്കുകയാണ് ..

അതേ
അമ്മയുടെ
ഉണർവ് ,
അമ്മയുടെ മക്കൾ
മേയ് ദിനപ്പുലരിയിൽ ഏകദിന ഒത്തുചേരലിനിട്ട പേരാണ് ഉണർവ്
കൊച്ചി കണ്ടവന് പിന്നെ അച്ചി വേണ്ട എന്നാണ് ചൊല്ല്. അതെന്തായാലും അവിടെ ഒത്തുകൂടിയ മക്കൾ ആസ്ഥാന മന്ദിരത്തിനു താഴേ ആരെയോ പ്രതീക്ഷിച്ചിരിക്കുകയാണ്..

സി.എം. എസ്.
ചന്തേര മാഷുടെ കാവ്യ ഭാഷയിൽ പറഞ്ഞാൽ

” അമ്പലത്തിനകത്തുള്ള കൊമ്പനാനകളൊക്കെയും
തുമ്പിക്കൈ പൊക്കിയാടുന്നു
.കൊമ്പനേതോ .’ , വരുന്നുവോ?””

ഇവിടെ
വെള്ളിത്തിരയിലെ കൊമ്പന്മാരെല്ലാവരുമുണ്ട്
എല്ലാവരും കാത്തിരിക്കുന്ന
കൊമ്പനായ ഈ വമ്പനാരാണ്?

ക്യാമറകൾ ആ ദൃശ്യം ഒപ്പിയെടുക്കാൻ തയ്യാറായി.

ദാ
വന്നു….!

“പൂച്ച കടിച്ചതായും പാപ്പാഞ്ഞിയായും സിംഹവാലനായും പലർക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്..
ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്‌.,..
ഒറ്റക്കൊമ്പന്റെ കൊമ്പ് ” –
ഇങ്ങനെ സധൈര്യം
സമൂഹത്തോട് വിളിച്ചു പറഞ്ഞ്
ദീക്ഷാ വ്രതം അവസാനിപ്പിച്ച
അമ്മയുടെ സ്വന്തം മകൻ ..
ആ മകന്റെ .മുഖത്ത്ബാക്കിയുള്ള
നല്ല രണ്ടു കൊമ്പുമായി ,
വരികയാണ്.

അതെ
ഒറ്റക്കൊമ്പന്റെ ,
കൊമ്പു മായി
തലയുയർത്തി
അമ്മയുടെ
ആജീവനാന്ത അംഗം
ദാ
വലം കാൽവച്ചിറങ്ങി..

ചെക്ക് കളർ ഷർട്ടും പാന്റ്സും ധരിച്ച്
നെറ്റിയിൽ കുറി ചാർത്തി കൊമ്പൻ മീശ മുകളിലേക്ക് പിരിച്ചു വച്ച് തലയുയർത്തി എല്ലാവരെയും അഭിവാദ്യം ചെയ്തു

പതിനഞ്ചു വർഷങ്ങൾക്ക് മുമ്പ്
ഇടഞ്ഞ കൊമ്പൻ
ദാ അമ്മയുടെ തിരുമുറ്റത്ത്
വീണ്ടുമെത്തി..

താരസംഘടനയായ
അമ്മയിലെ അംഗങ്ങൾ സ്റ്റേജ് പരിപാടിയിൽ പങ്കെടുക്കുന്നതും അതു സംബന്ധിച്ച സാമ്പത്തിക തർക്കങ്ങളും വിലക്കുകളും വിവാദങ്ങളും മലയാളസിനിമാ ലോകം മറന്നിട്ടുണ്ടാവില്ല
അന്ന്
ഒറ്റക്കൊമ്പനെതിരേ
രണ്ടു കൊമ്പന്മാർ തിരിഞ്ഞു കുത്തി.

വിവാദത്തിനിടെയുണ്ടായ പരസ്യ പരാമർശങ്ങൾ ഒറ്റക്കൊമ്പന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.

അമ്മയുമായി ഇടത്ത കൊമ്പൻ
പിന്നെ ഒറ്റ പോക്ക് പോയി.
അത് പിന്നെ
ക്ഷാത്രവീര്യമാർന്ന
ജൈത്രയാത്രയായി കലാശിച്ചു.
.
യാത്രയ്ക്കിടെ
ഏഷ്യനെറ്റിലേക്ക് ..

ഒറ്റക്കൊമ്പൻ
കോടീശ്വരനായി
തലയുയർത്തി
അവതരിച്ചു

പഞ്ച് ഡയലോഗുമായുള്ള ഏഷ്യാനെറ്റിലെ എഴുന്നള്ളത്ത്
നാട്യശാസ്ത്ര കുലപതി കാവാലം നാരായണ പണിക്കരുടെ കാവ്യഭാവനയെ ഇളക്കിമറിച്ചു ..

കാവാലം ഭാവന
കലാകൗമുദിയിൽ
കാവ്യാക്ഷരച്ചാർത്തായി.

“ദേ പോയി..
ദാ വന്നു..’
ഒന്നു മറിച്ചിട്ടാൽ
ദാ വന്നു
ദേ പോയി
അതല്ലേ ശരി ?

വന്നിട്ടു പോകേണ്ട
സദാ സഞ്ചാരിയല്ലേ
നമ്മുടെ ഉപാസനാ മൂർത്തി.!
അതിനു കോടിപതിയാക്കാനും
ധർമ്മക്കാരനാക്കാനും
നാണോമില്ല മാനോമില്ല..”

ധർമ്മക്കാരൻ വന്നതുമില്ല പോയതുമില്ല എന്നു പറഞ്ഞ കവി ഭാരതത്തിന്റെ ധർമ്മ സന്ദേശം ചൊല്ലിയാടി..

ഒറ്റക്കൊമ്പന്റെ ആ പഞ്ച് ഡയലോഗ് ആധാരമാക്കി തന്റെ കവിത വഴി അതിനു വ്യാഖ്യാനവും നല്കി.

ധർമ്മം കൊടുക്കുന്നവനല്ല
ധർമ്മം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നവനാണ്, അഥവാ ധർമ്മം വാങ്ങുന്നവനാണ് ധർമ്മക്കാരൻ എന്ന് കവി ഓർമ്മിപ്പിച്ചു

ധർമ്മോ രക്ഷതി രക്ഷിത: എന്ന ആപ്തവാക്യത്തിൽ അവസാനിക്കുന്ന കാവാലം കവിത !
അതൊടുവിൽ
ഒറ്റക്കൊമ്പനെ ഇന്ദ്രപ്രസ്ഥത്തിലെത്തിക്കാൻ സഹായിച്ചെന്നു വിലയിരുത്താം..

പിന്നെ ഒറ്റക്കൊമ്പനെകണ്ടത്
രാഷ്ട്രീയ അരങ്ങിലാണ്. അങ്ങനെ ഒറ്റക്കൊമ്പൻ
രാജ്യസഭയിലെത്തി…

അന്നുമുതൽ തുടങ്ങിയ ആ ദീക്ഷാ വ്രതം ആറു വർഷത്തിനു ശേഷം കഴിഞ്ഞ മാസം അവസാനിപ്പിച്ചു.
വളർന്നു മുറ്റിയ
നരച്ച താടി വടിച്ചു കളഞ്ഞു അമ്മയെ കാണാനെത്തി.

അപ്പോഴേക്കും
കഴിഞ്ഞതെല്ലാം
മറക്കാനും പൊറുക്കാനും
ഒറ്റക്കൊമ്പനും അമ്മയുടെ മക്കളും തയ്യാറായി.
അതെ
ഇടഞ്ഞ കൊമ്പനെ അമ്മ, മെരുക്കി..
കോവിദ് മഹാമാരി അതിന് നിമിത്തവുമായി..

2022 മേയ് ഒന്ന് ..

ഒറ്റക്കൊമ്പന്റെ ആരാധകരുടെ ഭാഷ കടമെടുത്താൽ ഇറക്കി വിട്ടവർ തിരികെ വിളിച്ചു.

അതെന്തായാലും ദൈവ നീതി നടപ്പായല്ലേ പറ്റൂ..

ഇടവേള ബാബു, ബാബുരാജ്,
തെസ്നി ഖാൻ,
കണ്ണൂർ ശ്രീലത
കാലടി ഓമന ,..
ശ്വേത മേനോൻ ,
കന്യ,
ദേവിചന്ദന ,
തുടങ്ങിയ
താരനിരയാണ് ഒറ്റക്കൊമ്പനെ സ്വീകരിച്ചാനയിച്ചത്.

മുമ്പൊരിക്കൽ
ഇടഞ്ഞു ഓടിയതാണ്.. വീണ്ടും മെരുക്കിയെടുത്തു തിരികെയെത്തിക്കാനായതിന്റെ സന്തോഷം അംഗങ്ങളുടെ മുഖത്ത് നിഴലിച്ചു.
ഇതിനായി പിന്നിൽ പ്രവർത്തിച്ചവർക്കാകട്ടെ തികഞ്ഞ ചാരിതാർത്ഥ്യവും.

ഇനി
അമ്മയ്ക്ക് ഉണർവേകാൻ മുകളിലേക്ക് ..

ഹാളിൽ ഹർഷാരവം

ഔപചാരികമായി അമ്മ സെക്രട്ടറി ഇടവേള ബാബു സ്വാഗതമോതി..

കൈകൂപ്പി.

നിറഞ്ഞ ചിരിയോടെ ഒറ്റക്കൊമ്പൻ തന്നെയേല്പിച്ച ചുമതല നിർവഹിച്ചു.

നിലവിളക്ക് തെളിഞ്ഞു

ബാബു ആന്റണി,
ജനാർദ്ദനൻ , രവീന്ദ്രൻ
ഇടവേള ബാബു, ശാന്തി കൃഷ്ണ, മണിയൻപിള്ള രാജു, റിനി ടോം, സുധീർ കരമന, സുരഭി, ശ്വേത മേനോൻ തുടങ്ങിയ താരനിര ഒറ്റക്കൊമ്പനെ പൊന്നാട ചാർത്തി ആദരിച്ചു

സ്നേഹവായ്പു കൊണ്ട് വീർപ്പുമുട്ടി.
തന്റെ കൊമ്പുയർത്തിക്കാട്ടി എല്ലാവരെയും വീക്ഷിച്ചു. നീണ്ട ഇടവേളയ്ക്കു ശേഷമാണ് അമ്മയുടെ വേദിയിലെത്തിയതെന്ന് കാര്യം ഓർമ്മിപ്പിച്ചപ്പോൾ
ഇടഞ്ഞ കൊമ്പനിലെ ക്ഷാത്രവീര്യം ഒരിക്കൽ കൂടി ഉണർന്നു.

പ്രസംഗത്തിൽ അവശ കലാകാരന്മാരുടെ സംരക്ഷണ വിഷയം ഊന്നിപ്പറഞ്ഞു.
അവരുടെ ആകുലതകളും വേവലാതികളും പട്ടിണിയുമൊക്കെ പരിഹരിക്കപ്പെടണം.
അതിന്നായി ഒരു നിർദ്ദേശവും.

കോടികൾ പ്രതിഫലം വാങ്ങുന്ന നടന്മാർ അമ്മയ്ക്ക് പ്രതിമാസം ഒരു ലക്ഷം രൂപയെങ്കിലും സംഭാവന നല്കണമെന്ന് ഒറ്റക്കൊമ്പൻ ആഹ്വാനം ചെയ്തു.

അമ്മയിൽ അംഗങ്ങളായ പാവപ്പെട്ട കലാകാരന്മാർക്ക് സാമ്പത്തിയ സഹായം നല്കുന്നതിന് ഈ തുക സഹായകമാകും
നിലവിൽ അർഹതപ്പെട്ട കലാകാരന്മാർക്ക് അമ്മ പ്രതിമാസം അയ്യായിരം രൂപ കൈനീട്ടമായി
നല്കി വരുന്നു. കോവിദ് അടച്ചുപൂട്ടലിൽ അവർക്ക് അമ്മയുടെ കൈനീട്ടം ദൈവാനുഗ്രഹമായി മാറിയ കാര്യവും ഒറ്റക്കൊമ്പൻ ഓർമ്മിപ്പിച്ചു.

ഉദ്ഘാടനത്തിനു ശേഷം അംഗങ്ങൾ അക്ഷരാർത്ഥത്തിൽ ഉണർന്നു.
പ്രസംഗത്തിന്നൊടുവിൽ
ഒറ്റക്കൊമ്പൻ പാട്ടു പാടി
അംഗങ്ങൾ
ആർത്തുവിളിച്ചും തുള്ളിച്ചാടിയും കൂക്കിവിളിച്ചും അവരുടെ സന്തോഷം തിരിച്ചും പ്രകടിപ്പിച്ചു.
പിന്നെ ഓരോരുത്തരും അവരവരുടെ അനുഭവങ്ങൾ പങ്കു വയ്ക്കലായി.

മണിയൻപിള്ളയുടെ വിശപ്പ് !

വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്തെ
ഒരു സിനിമ ലൊക്കേഷനിൽ നിന്ന് മദ്രാസിലേക്ക് ട്രെയിൻ കയറിയപ്പോൾ ഭക്ഷണം കിട്ടാതെ വിശന്നുവലഞ്ഞ അനുഭവവുമായാണ്
മണിയൻപിള്ള രാജുവെത്തിയത്..

ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ രാത്രി വൈകി.
താമസിച്ചാൽ പിന്നെ ട്രെയിൻ കിട്ടില്ല.
സെറ്റിൽ നിന്ന്
ഭക്ഷണം കഴിക്കാതെ തമ്പാനൂരെത്തി. അപ്പോഴേക്കും
പ്ലാറ്റ് ഫോമിൽ നിന്ന്ട്രെയിൻ പതിയേ നീങ്ങി തുടങ്ങിയിരുന്നു. ധൃതിയിൽ ഓടിക്കയറി.. പിന്നെ
സീറ്റിൽ ഇരുന്നപ്പോൾ തന്നെ വിശപ്പിന്റെ വിളി തുടങ്ങി.
ഒരു രക്ഷയുമില്ല.
ട്രെയിനിലെശാപ്പാട് വില്പനക്കാരൊന്നും അവിടെ എത്തിയതുമില്ല. ആകെ പരവശനായി. കമ്പാർട്ടുമെന്റിൽ തലങ്ങും വിലങ്ങും നടന്നു. ആകപ്പാടെ
വേവലാതിപൂണ്ട
അവസ്ഥ തൊട്ടടുത്ത ബർത്തിൽ ഇരിക്കുന്ന
പയ്യൻ കണ്ടു.

എന്തുപറ്റി?

കാര്യം പറഞ്ഞു.

ഉടനെ ബാഗിൽ നിന്ന് പൊതിച്ചോറെടുത്തു തന്റെ കൈയ്യിൽ തന്നു.

അമ്മ തന്നതാണ്.
നിങ്ങൾ കഴിച്ചോളു.

“ആ പയ്യന്റെ മഹാമനസ്കതയ്ക്ക് നന്ദി പറഞ്ഞു ഉടൻതന്നെയതഴിച്ചുകഴിച്ചു പശിയടക്കി.

പിന്നെ ആ പയ്യനെ പരിചയപ്പെട്ടു.

മദ്രാസിലേക്ക് പോകുകയാണ്.
തമ്പി കണ്ണന്താനത്തിന്റെ സിനിമയിൽ ആദ്യമായി ഒരവസരം തരാമെന്നു പറഞ്ഞിട്ടുണ്ട്. പയ്യൻ വിശദീകരിച്ചു.

പയ്യന്റെ സംസാരവും മുഖഭാവവും ഞാൻശ്രദ്ധിച്ചു.
ഇയാള് കൊള്ളാല്ലോ..

മണിയൻപിള്ള രാജു കഥ നിർത്തി. പിന്നെ നാലുപാടും നോക്കി.

അന്ന്
എന്റെ വിശപ്പകറ്റിയ ആ പയ്യനെ നിങ്ങൾക്ക് അറിയാമോ?
സദസ്യരോട് ചോദിച്ചു
ആർക്കുമറിയില്ല.

അംഗങ്ങളുടെ വിശപ്പകറ്റാൻ വേണ്ടിസൂപ്പർ സ്റ്റാറുകൾ ഒരു ലക്ഷം രൂപ അമ്മയ്ക്ക് സംഭാവന നല്കണമെന്ന് ആഹ്വാനം ചെയ്ത ,
രാജാവിന്റെ മകനിലൂടെ വെള്ളിത്തിരയിലെത്തി ശ്രദ്ധേയമായ വേഷങ്ങളിലൂടെ താരപദവിയിലെത്തിയ ,

ഇന്നിവിടെ ഉദ്ഘാടകനായ
നമ്മുടെ സ്വന്തം ഒറ്റക്കൊമ്പനാണ്
ആ പയ്യൻ.

ഇതു കേട്ടപ്പോൾ
അംഗങ്ങളുടെ നീണ്ട കൈയ്യടിയും ആർപ്പുവിളിയും..

നാദിർഷായുടെ മുണ്ട്

തനിക്ക്
ഉടുമുണ്ട് ഊരി നല്കിയ സംഭവം പറഞ്ഞ് മണിയൻപിള്ളയ്ക്കു പിന്നാലെ
നാദിർഷയുമെത്തി

വർഷങ്ങൾക്ക് മുമ്പ്
ഒരു പരിപാടി അവതരിപ്പിക്കാൻ പോയപ്പോൾ താൻ സ്റ്റേജിൽ ഉടുക്കാൻ കരുതി വച്ചമുണ്ട് റൂമിൽ നിന്ന് വരുമ്പോൾഎടുക്കാൻ മറന്നു .

പാന്റ്സ് ഇട്ടാണ് പരിപാടി സ്ഥലത്തെത്തിയത്.
കലാഭവൻ പ്രശോഭും
താനുമാണ് അരങ്ങിലെത്തേണ്ടത്. സ്റ്റേജിൽ കയറാൻ നോക്കിയപ്പോൾ മുണ്ടില്ല. ബാഗ് തിരിച്ചും മറിച്ചും നോക്കി.
കാണാനില്ല. ഇതിനിടയിൽ ഉദ്ഘാടനം കഴിഞ്ഞ് പരിപാടി തുടങ്ങിയിരുന്നു.
പ്രശോഭ് അരങ്ങ് തകർക്കുകയാണ്.. ഉദ്ഘാടകൻ സ്റ്റേജിന്റെ അരികിലെത്തി. നാദിർഷയുടെ
വെപ്രാളം കണ്ടു
എന്താ പ്രശ്നം എന്നു ചോദിച്ചു. മുണ്ട് മറന്ന കാര്യം പറഞ്ഞു. ഉടനെ ഉദ്ഘാടകൻ ഗ്രീൻ റൂമിലേക്ക് വിളിച്ചു. ഉടുത്തമുണ്ടഴിച്ചു തന്നു.
ദിവ്യ ഉണ്ണിയടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ തന്നെ രക്ഷിച്ച ആ ഉദ്ഘാടകൻ
മറ്റാരുമല്ല. നമ്മുടെ ഇന്നത്തെ ഉദ്ഘാടകനായ ഒറ്റ കൊമ്പനാണെന്നു പറഞ്ഞപ്പോൾ അംഗങ്ങൾ
വീണ്ടും ഹർഷാരവം മുഴക്കി.

അതെ
അമ്പലത്തിനകത്തുള്ള കൊമ്പനാനകളൊക്കെയും തുമ്പിക്കൈ പൊക്കി വന്ദിച്ച ആ ഒറ്റക്കൊമ്പൻ
വായനക്കാരുടെ മനസ്സിലേക്ക് ..
ദേ,
വന്നു

സൂപ്പർ സ്റ്റാർ സുരേഷ് ഗോപി.

ചടങ്ങിൽ
സരയു അധ്യക്ഷത വഹിച്ചു.
ഷൂട്ടിംഗ് സംബന്ധമായ തിരക്കിലായതിനാൽ മലയാളികളുടെ പ്രിയ
താര രാജാക്കളായ
മമ്മൂട്ടിയും മോഹൻലാലും ചടങ്ങിനെത്തിയില്ല.
. ഇന്നസെന്റ് . മുകേഷ് . ഗണേഷ് ,ജഗദീഷ് , സിദ്ധിഖ്, തുടങ്ങിയവരുടെ അസാന്നിധ്യം അതേ സമയം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

രണ്ടാഴ്ച മുമ്പ് കൊല്ലൂർമൂകാംബിക ദർശനത്തിനെത്തിയ
ദിവ്യ ഉണ്ണിക്കും തിരക്കു കാരണം പങ്കെടുക്കാൻ ഒത്തില്ല.
മൂകാംബികയിൽ നിന്ന് അവർ തിരിച്ച് അമേരിക്കയിലേക്ക് പോവുകയായിരുന്നുവത്രെ.

തെസ്നി ഖാൻ.
ദേവി ചന്ദന..
സ്വസ്ഥിക ..
ശേത്വ മേനോൻ.
സുരഭി ,
സരയൂ . എന്നിവർ സംസാരിച്ചു.
രവീ ന്ദ്രൻ ,സാദിഖ്.
സുധീർ കരമന, ,
കണ്ണൂർ ശ്രീലത.
ശാന്തി കൃഷ്ണ കുട്ട്യേടത്തി വിലാസിനി. രചന നാരായണൻ കുട്ടി . അഞ്ജു അരവിന്ദ് . തുടങ്ങിയ പ്രമുഖ നടീ നടൻമാർ അവരവരുടെ ജീവിതാനുഭവങ്ങൾ
പങ്കു വച്ചു.

അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർമാരുടെ നേതൃത്വത്തിലാണ്
വൈദ്യ പരിശോധന നടന്നത്.
പ്രശസ്ത പാചക കലാകാരൻ
പഴയിടം മോഹനൻനമ്പൂതിരിയുടെ മകൻ യദുവിന്റെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായസദ്യയും ഒരുക്കിയിരുന്നു.

മണിയൻപിള്ള രാജുവിന്റെ നേതൃത്വത്തിലാണ്
സദ്യ വിളമ്പൽ

തൂശനിലയിൽ ആവി പറക്കുന്ന തുമ്പപ്പൂ പോലുള്ള ചോറ്…
നെയ്യും പരിപ്പും
സാമ്പാർ , കാളൻ.. അവിയൽ. കൂട്ടുകറി.. ചമ്മന്തിപ്പൊടി. ഇഞ്ചിക്കറി കണ്ണിമാങ്ങാ അച്ചാർ . പച്ചടി. ഓലൻ. ഉപ്പേരി.
പുളിയിഞ്ചി ,മധുരമുള്ള അച്ചാർ . വലിയപപ്പടം. രണ്ടു പൂവൻ പഴം .
ചേന വറവ്. മോര് ,രസം… പാലട പ്രഥമൻ . പരിപ്പ് പ്രഥമൻ.. ഉപ്പ്.
കുടിക്കാൻ
ബിസ് ലാരി വാട്ടർ.
ഒപ്പം
മണിയൻപിള്ള ശൈലിയിലെ ആ
സദ്യ വിളമ്പലും
ഇരട്ടിമധുരമായി.
ഇതിൽ വല്ലതും വിട്ടു പോയോ?
ഉണ്ടെങ്കിൽ ക്ഷമിക്കണം.
കാരണം തൂശനിലയ്ക്കു മുമ്പിൽ ലേഖകൻ ഉണ്ടായിരുന്നില്ല.
കേട്ടറിവിൽ
തെളിഞ്ഞ സദ്യയാണേ..
ഉണർവ്
സദ്യവട്ടത്തിനു ശേഷമാണ്
അമ്മയുടെ
നിർണായകമായ എക്സിക്യൂട്ടീവ് യോഗവും അതേ തുടർന്നുണ്ടായ തുടർ ചലനങ്ങളും മൊക്കെ വന്നത്..


പുറത്ത്
പൂരാരവം
കൊമ്പനാനപ്പുറത്ത് പാറമേക്കാവിമ്മയുടെയും തിരുവമ്പാടിയുടെയും ഘടകപൂരങ്ങളുടെയും തിടമ്പേറ്റം.

അതിനിടയിൽ
ഒറ്റക്കൊമ്പന്റെ വാക്കുകൾ വീണ്ടും കേരളാന്തരീക്ഷത്തിൽ പ്രതിധ്വനിച്ചു.

” എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെചുമതലകൾ കഴിഞ്ഞതുകൊണ്ട്
വടിച്ചു കളഞ്ഞിട്ടുണ്ട്
ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്. ഒറ്റക്കൊമ്പന്റെ കൊമ്പ് “

അതു കേട്ടപ്പോൾ
മനസ്സിൽ വീണ്ടും
കാവാലം വരികളെത്തി..

ധർമ്മക്കാരനെന്നാൽ
നെറിവുള്ളവൻ
നെറിക്കാരനാവതിലെന്താ
നാണക്കേട്?.
എന്താ മാനക്കേട് ?”
[ ദേ.. പോയി..ദാ.. വന്നു
കാവാലം നാരായണ പണിക്കർ ]

അതെ
ദൈവനീതിക്ക് ദാക്ഷിണ്യമില്ലല്ലോ..!

ഡോ. സഞ്ജീവൻ അഴീക്കോട്

2022 മേയ് രണ്ട്

ചിത്രങ്ങൾക്ക് കടപ്പാട്

Canchannelmedia

Leave a Reply

Your email address will not be published. Required fields are marked *