Human rights are beyond political purposes. Let us invoke human within |
Taken from | (എഴുത്ത് മാസിക, ഓഗസ്റ്റ്, 2021)
സ്റ്റാന്‍ സ്വാമി എന്ന 84 വയസ്സുള്ള ജസ്യൂട്ട് പുരോഹിതന്‍ പാർക്കിൻസൺ ബാധിച്ച വിറക്കുന്ന വിരലുകളാല്‍ വെള്ളം എടുക്കാൻ കഴിയാത്തതിനാൽ ഗ്ലാസിലെ വെള്ളത്തില്‍ ഇറക്കിക്കുടിക്കാന്‍ ഒരു കുഴല്‍ (സ്ട്രോ) അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് NIA യ്ക്ക് കത്തെഴുതിയ നാളുകളില്‍ ഞാന്‍ പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിയുടെ മലിനീകരണത്തിനെതിരെ സമരം ചെയ്ത ആദിവാസികള്‍ക്കിടയിലായിരുന്നു.
-ദാഹിക്കുന്നു, ഒരു കുഴല്‍ തരുമോ- എന്ന അദ്ദേഹത്തിന്‍റെ അപേക്ഷ തീർപ്പാക്കാൻ കോടതിക്ക് അന്ന് ഒരു മാസം വേണ്ടിവന്നു.
ഭീമ കൊറേഗാവ് കേസിൽ 2020ൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ വച്ച് മരിച്ച സ്റ്റാന്‍ സ്വാമിയെ അറസ്സ് ചെയ്യാൻ NIA നിരത്തിയ തെളിവുകൾ (നാൽപതോളം ഫയലുകൾ) അദ്ദേഹത്തിന്‍റെ ലാപ് ടോപ്പിൽ ഹാക്ക് ചെയ്ത് കൃത്രിമമായി തിരുകിച്ചേര്‍ത്തതാണെന്ന് ആഴ്സെനൽ കൺസൾട്ടിംഗ് എന്ന അമേരിക്കൻ ഡിജിറ്റൽ ഫോറൻസിക് സ്ഥാപനം കണ്ടെത്തിയിരിക്കുന്നു. സഹപ്രതി റോണാ വിൽസൻ്റെ ലാപ്ടോപ്പിലും കൃത്രിമ തെളിവുകൾ തിരുകിക്കയറ്റിയതിൻ്റെ റിപ്പോർട്ടുകൾ മുന്നേ പുറത്തായിരുന്നു. സ്റ്റാൻ സ്വാമി മാവോവാദികൾക്ക് അയച്ചുവെന്ന് ആരോപിക്കപ്പെടുന്ന കത്തിൻ്റെ പകര്‍പ്പാണ് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നത്.
കൃത്രിമമായ തെളിവുകള്‍ നിരത്തി, വെള്ളം കൊടുക്കാതെ കൊലപ്പടുത്തിയ ആ മനുഷ്യന്‍റെ പ്രാണദാഹം ഈ രാഷ്ട്രത്തിനും അതിന്‍റെ മൗനത്തിനും മുകളില്‍ നിറഞ്ഞുനില്‍ക്കട്ടെ. ആ നാളുകളില്‍ എഴുതിയ ഇരട്ടക്കുഴല്‍ എന്ന ഈ കവിതയ്ക്ക് ഇപ്പോഴും സ്റ്റാന്‍ സ്വാമിയുടെ ഞരമ്പുകളിലെ ചൂടുണ്ടെന്ന് ഞാന്‍ കരുതുന്നു.
ഇരട്ടക്കുഴല്‍
………………………….
എം.എസ്. ബനേഷ്
കവിതയെഴുതുന്ന കടലാസുകൊണ്ടൊരു
ചെറിയ കുഴല്‍ നിന്‍റെ ചുണ്ടില്‍വയ്ക്കട്ടെ,
മധുരനാരങ്ങ ജ്യൂസു കുടിക്കുവാന്‍
വെറുതെ കിട്ടും കുഴല്‍ജലപീപ്പി പോല്‍,
ഇതിനി നിന്‍റെ മരിച്ചുനീലിച്ചൊരീ
വ്രണിതവായില്‍ വിഫലമായ് വയ്ക്കാം.
ഒരു വയോധികന്‍ പ്രാണജലത്തിനു
വിറവിറയ്ക്കുന്ന കൈകളുമായി
തരികയിറ്റെന്നു കെഞ്ചിയ നേരത്ത്
അതിനനുമതി നല്‍കാതിരിക്കുവാന്‍
പരസഹസ്രം മണിക്കൂറു കോടതി
നരകവാദം നടത്തിയ രാജ്യമേ,
ശിലകളില്‍ നിന്നുമൂറിയെത്തും ജലം
ഖനിമനുഷ്യര്‍ തന്‍ ദാഹമാറ്റുംമുമ്പ്
അവരെയാട്ടിയകറ്റുന്ന ദേശമേ,
പരശ്ശതം നാവു നീളുന്നു ജയിലറ-
യഴികളില്‍ നിന്ന് ദാഹാര്‍ത്തമായി,
നദികളില്‍ നിന്ന്, ഗംഗയില്‍ നിന്നല്ല,
പുഴകളില്‍ നിന്ന്, യമുനയില്‍ നിന്നല്ല,
ശിലകളില്‍ നിന്ന്, ഖനികളില്‍ നിന്ന്
ഞങ്ങളാദ്യം കുടിച്ച മണ്ണില്‍ നിന്ന്
ഞങ്ങളാദ്യം പിഴച്ച മണ്ണില്‍ നിന്ന്.
തിരനിറച്ചൊരീ വന്‍ ഭയത്തോക്കിന്‍റെ
കുഴലു ഞങ്ങടെ വായില്‍ നിന്നൂരുക,
ജലമിറക്കാന്‍ കൊടുക്കാതെ നീ കൊന്ന
പിതൃസ്മരണയില്‍ പൊള്ളുന്നു ഞങ്ങള്‍.
ഇനിയെനിക്കെന്‍റെ ദാഹനേരങ്ങളില്‍
ഇനിയെനിക്കു വിശക്കുമ്പൊഴൊക്കെയും
ഒരുപിടച്ചിലെന്‍ തൊണ്ടയില്‍ മുറുകട്ടെ
അതിനുഞാന്‍ നിന്‍റെ പേരും ഇടട്ടെ.
| (എഴുത്ത് മാസിക, ഓഗസ്റ്റ്, 2021)
