കെ.എം.മാത്യുവും മാമ്മൻ മാത്യുവും
സുനിൽ ഞാവള്ളി
1994 ലാണ്. ഞാൻ ദീപികയുടെ “Regional in Charge “എന്ന പദവിയിൽ കോട്ടയത്തെത്തുന്നു. ഇരിപ്പിടമൊന്നുമില്ല.
ദീപികയിൽ H.0. യിൽ സർക്കുലേഷൻ മാനേജർ സാജു ജേക്കബിന്റെ സമക്ഷം ഹാജരാകുക. മേശപ്പുറത്തിരിക്കുന്ന രജിസ്റ്ററിൽ ഒപ്പിടുക. പിന്നെ സാജുവിനോട് ഒരു ലക്ഷ്യം പറഞ്ഞ് ” ഫീൽഡ് വർക്കാരംഭിക്കുക” ! 😂 സാജു മാനേജ്മെന്റ് ട്രയിനിയായി എറണാകുളത്ത് രാഷ്ട്രദീപികയ്ക്ക് വർക്ക് ചെയ്യാൻ വന്നപ്പോഴാണ് ഞാനാദ്യമായി കാണുന്നത്. ആദ്യ കാഴ്ചയിൽ തന്നെ ഞങ്ങളിൽ ഒരു ഹൃദയൈക്യം രൂപപ്പെട്ടിരുന്നു. (ഇന്നും സാജു എന്റെ കൂടെപ്പിറക്കാത്ത സഹോദരൻ. സാജുവിന്റെ ഒത്തു കല്യാണം മുതൽ എത്രയോ ചടങ്ങുകളിൽ പങ്കെടുത്തു. എത്രയോ തവണ സാജുവിന്റെ വീട്ടിൽ അന്തിയുറങ്ങി❤️ )
കണ്ണൂർ ദീപികയുടെ പ്രൊജക്ട് ഓഫീസറുടെ ചുമതലയിൽ നിന്ന് നല്ല നടപ്പിന് കോട്ടയത്തെത്തിച്ചതാണ്. 😂 (തല തെറിച്ച ഞാനാകട്ടെ ഇന്നു വരെയും ഒരാളെയും അനുസരിക്കാതെ നടന്നു😀) എനിക്കാണെങ്കിൽ കോട്ടയം റയിൽവേ സ്റ്റേഷനിൽ നിന്ന് ദീപിക വരെയുള്ള നടപ്പു വഴിയേ ആകെ ഉറപ്പായി അറിയൂ.
കോട്ടയം താലൂക്കിന്റെ സർക്കുലേഷന്റെ ചാർജാണ്. വീടും സ്ഥാപനങ്ങളും കയറി പത്രം വർദ്ധിപ്പിക്കുകയെന്നതാണ് തൊഴിൽ . പക്ഷെ ഞാൻ കോട്ടയം കലക്ടറാണെന്നമട്ടിൽ നെഞ്ചും വിരിച്ചു നടന്നു.💪🤭 കൃത്യമായി ജോലി ചെയ്തു. (ജീവിതത്തിലൊരിക്കലും ഞാനിതുവരേയും ഒരു ജോലിയിലും ഉഴപ്പിയിട്ടില്ല എന്നൊരു ആത്മഗതം ഇവിടെ ചേർക്കുന്നു😂) ചില ദിവസം കോട്ടയം നാഗമ്പടം സ്റ്റാന്റിൽ ചെന്ന് കിട്ടിയ ബസിന് കയറും. ലാസ്റ്റ് പോയിന്റിലേക്ക് ടിക്കറ്റ് എടുക്കും. ഒരു ദിവസം കിട്ടിയത് കുഴിത്തൊളു ബസ്. ഹൈറേഞ്ചിലെ ഒരു കുഗ്രാമമായിരുന്നു അന്നത്. ടിക്കറ്റ് നിരക്ക് കേട്ടപ്പോഴേ ഞാൻ ഞെട്ടി. എന്തായാലും നിനച്ചിറങ്ങി. രാവിലെപോയ ബസിന് തന്നെ തിരിച്ചു വന്നു… പാതിരാത്രിയായി..
അങ്ങിനെയങ്ങിനെ നാളുകൾ കഴിയവേ ക്രിസ്മസെത്തി … ബാർട്ടർ സിസ്റ്റത്തിൽ (പത്രത്തിൽ പരസ്യത്തിന് പണം തരാതെ പകരം കേക്ക്😀 എന്താല്ലേ – – ?🤪) കുറേ കേക്ക് സംഘടിപ്പിച്ചു.
ഒരു ജീപ്പുമെടുത്ത് വി.ഐ.പികൾക്ക് കേക്കുമായി കറക്കം. കോട്ടയം കലക്ടർ ഷീലാ തോമസിനും മറ്റും കേക്കു കൊടുത്തു. കഞ്ഞിക്കുഴിയെത്തി . മുഖ്യ സഹായിയായ ബേബി മിനി പറഞ്ഞു ഇതാണ് മാത്തുക്കുട്ടിച്ചായന്റെ വീട്. സാക്ഷാൽ കെ.എം.മാത്യു . മലയാളം കണ്ട ഏറ്റവും മഹാനായ ചീഫ് എഡിറ്റർ. പത്രാധിപർ പലരുണ്ടാകും. പക്ഷെ ശ്രീ.കെ.എം.മാത്യുവിനെപ്പോലൊരാൾ വേറെയില്ല. ഒന്നും നോക്കിയില്ല ജീപ്പ് മാത്തുക്കുട്ടിച്ചായന്റെ വീട്ടിലേക്ക് വിടാൻ പറഞ്ഞു.
വീട്ടിലെത്തി. മാത്തുക്കുട്ടിച്ചായൻ വീട്ടിലുണ്ട്. മാത്തുക്കുട്ടിച്ചായനെനേരിൽ കണ്ട സന്തോഷം എനിക്ക് .. ദീപികയിൽ നിന്നാണെന്നറിഞ്ഞപ്പോൾ വലിയ സന്തോഷം അദ്ദേഹത്തിനും . മിസിസ് കെ.എം.മാത്യുവും വന്നു. ദീപികയുമായുള്ള കുറേ ബന്ധങ്ങൾ പറഞ്ഞു. ഇതിനിടയിൽ മിസിസ് കെ.എം . മാത്യു അകത്തു പോയി വന്നു. പലഹാരങ്ങൾ . ആവി പറക്കുന്ന ഏലക്കായൊ ക്കെയിട്ട ചായ ! അവരത് നേരിട്ട് , ഓരോരുത്തർക്കുമായി , ചായയെടുത്തു തന്നു. അത്ര രുചിയുള്ള ഒരു ചായ അതിനു മുമ്പോ പിമ്പോ ഞാൻ കുടിച്ചിട്ടില്ല. എളിമയും വാത്സല്യവും മിസിസ് കെ.എം.മാത്യുവെന്ന, അന്നമ്മയെന്ന , ആ മഹതിയിൽ ലയിച്ചു നിന്നു. മാത്തുക്കുട്ടിച്ചായനാകട്ടെ ഹൃദ്യമായി സംസാരിച്ചു കൊണ്ട് അര മണിക്കൂറോളം ചെലവഴിച്ചു. ഒരു തിരക്കും അദ്ദേഹം പ്രകടിപ്പിച്ചില്ല. അതൊരനുഭവമായിരുന്നു. ഞാൻ ചെയ്തു കൊണ്ടിരിക്കുന്ന തൊഴിലിലെ സൂര്യതേജസായിരുന്നുവെന്നദ്ദേഹം എന്നോർക്കാതെയല്ല ഞങ്ങൾ അവിടെയിരുന്നത്..
മാത്തുക്കുട്ടിച്ചായനോട് യാത്ര പറഞ്ഞ് ദേവലോകം അരമനയൊക്കെ പിന്നിട്ട് ഒരു വീടിനു മുന്നിൽ എത്തിയപ്പോൾ മിനി പറഞ്ഞു. ഇതാണ് മാമ്മൻ മാത്യുവിന്റെ വീട് . അവിടെയും കയറി. മാമ്മൻ മാത്യൂസാറും ഭാര്യ പ്രേമ മാമ്മൻ മാത്യുവും ഹൃദ്യമായി സ്വീകരിച്ചു.
മാമ്മൻ സാറും പ്രേമയും ഒരു തിരക്കു പോലുമില്ലാതെ സമയം ഞങ്ങൾക്കായി ചെലവഴിച്ചു. (ഞങ്ങൾക്കായിരുന്നു ടെൻഷൻ ! വണ്ടി നിറയെ കേക്കിരിക്കുന്നു ! അന്നു രാത്രി മലബാർ എക്സ്പ്രസിന് എനിക്ക് കണ്ണൂർ പോകണം. പിറ്റേ ദിവസം ക്രിസ്തുമസാണ് ) ആതിഥ്യ മര്യാദ അവരിൽ നിന്നും പഠിക്കണം. പ്രേമ മാമ്മൻ മാത്യു (ഇന്നത്തെ വനിതയുടെ ചീഫ് എഡിറ്റർ), അന്നു തന്ന നാരങ്ങാവെള്ളത്തിന്റെ രുചിയിന്നും നാവിലുണ്ട്. ഒരു ട്രേയിൽ ,ഗ്ലാസിൽ പകർന്ന വെള്ളം ഓരോരുത്തർക്കുമായി നിറ പുഞ്ചിരിയോടെ എടുത്തു തരുന്ന അവരുടെ കുലീനമായ പെരുമാറ്റം 28 കൊല്ലം കഴിഞ്ഞിട്ടും ഹൃദയത്തിൽ ജ്വലിച്ചു നിൽക്കുന്നു. പണവും പ്രശസ്തിയും ആർക്കും ഉണ്ടാകാം. പക്ഷെ ആഭിജാത്യം നൈസ്സർഗികമാണെന്ന് ഈ സംഭവം എന്നെ നിരന്തരം ഓർമ്മിപ്പിക്കാറുണ്ട്.
നന്ദി മാമ്മൻ സാർ …. 🙏❤️
നന്ദി പ്രേമ മാഡം. . . 🙏❤️
പത്രപ്രവർത്തന
രംഗത്തെ നാലു മഹാ പ്രതിഭകളോടൊത്താണ് അന്നു ഞാൻ സമയം ചെലവഴിച്ചതെന്ന് ഇന്നും ഞാൻ അത്ഭുതത്തോടെ ഓർക്കുന്നു. സാധാരണ പ്ളം കേക്കുകൊണ്ട് ആ വലിയ വീടുകളിൽ വലിഞ്ഞു കയറിച്ചെന്ന എന്റെ അൽപ്പത്വത്തെ ഓർത്തു ഞാൻ ലജ്ജിക്കുന്നു😢
ചിലരുടെ തിരക്കുകളും പെരുമാറ്റങ്ങളും അഹങ്കാരങ്ങളും കാണുമ്പോൾ ഈ മഹാ മനസ്കരെ ഞാൻ ഹൃദയം കൊണ്ട് ഇന്നും നമിക്കുന്നു.
സുനിൽ ഞാവള്ളി
8.2.2023
