വി കെ ദീപ എഴുതുന്നു…
സമയം രാത്രി പത്തു മണി കഴിഞ്ഞു..
ബാംഗ്ലൂർ കമേഴ്‌സ്യൽ സ്ട്രീറ്റ്ൽ ഞാനും ലക്ഷ്മി ചേച്ചിയും ഒരിടത്ത് ഇരുന്നു സ്വസ്ഥമായി വായ്നോക്കുന്നു.. മക്കൾ ഒരിക്കലും തീരാത്ത ഷോപ്പിംഗിലും..
അവരെയും കാത്തിരിക്കുമ്പോൾ പതിയെ ആളുകൾ ഒഴിഞ്ഞു തുടങ്ങുന്ന കച്ചവടവീഥിയിലേക്ക് പന്ത്രണ്ടു വയസ്സ് തോന്നിക്കുന്ന ബാലൻ കേറിവന്നു. കടകളിൽ നിന്നും ഒഴിവാക്കി നിരത്തിലേക്ക് ഇറക്കി വെച്ച വേസ്റ്റ് തിരഞ്ഞു കാർഡ്ബോർഡ് ചട്ടകൾ അവന്റെ കയ്യിലെ വലിയ ചാക്കിൽ നിറയ്ക്കുന്നു.
അവനൊപ്പം ഉള്ള മറ്റു കുട്ടികൾ അവർക്ക് ആവശ്യം ഉള്ളത് എടുത്തു ബാക്കി വേസ്റ്റ് അവിടെ തന്നെ ഇടുമ്പോൾ ഇവൻ അവന്റെ ആവശ്യം കഴിഞ്ഞുള്ളത് വേസ്റ്റ് ബിന്നിൽ ഇടുന്നത് കണ്ട കൗതുകത്തിൽ ഞാൻ അവനെ നോക്കി ചിരിച്ചു.
അവൻ തിരിച്ചു ചിരിച്ചപ്പോൾ പെട്ടെന്ന് എനിക്ക് എന്തോ ചില സിനിമകളിലെ രജനീകാന്തിനെ ഓർമ്മ വന്നു..
അവനോടു വീട് എവിട്യാ ചോദിച്ചപ്പോ കുറെ ദൂരയാന്ന് പറഞ്ഞു.. കന്നഡ അല്ല. നല്ല തെളിച്ചമുള്ള ഗ്രാമീണത ഇല്ലാത്ത ഹിന്ദിയിൽ ആണ് സംസാരം.
അമ്മയും ഒരു അനിയനും ആണ് അവനു ഉള്ളത്.. ബീഹാർ സ്വദേശികൾ ആണ്. മദ്യപനായ പിതാവിന്റെ മർദ്ദനം സഹിക്കാൻ ആവാതെ രോഗി ആയ അമ്മയെയും അനിയനെയും കൂട്ടി അവൻ ട്രെയിനിൽ കേറിയതാണ്. അമ്മ അവരെയും കൂട്ടി കേറിയതല്ല. അവൻ അവരെ വലിച്ചു കേറ്റി പോന്നതാത്രെ. ഞാൻ പന്ത്രണ്ട് വയസുള്ള ആ രക്ഷിതാവിനെ ആദരവോടെ നോക്കി.
ടി ടി പിടിച്ചു ഇറക്കിവിട്ടത് ബാംഗ്ലൂരിൽ. നാട്ടിൽ സ്കൂളിൽ പോയിരുന്നോ ചോദിച്ചപ്പോ അവൻ അറപ്പുള്ള എന്തോ കേട്ടപോലെ മുഖം ചുളിച്ചു.. ഏതോ കാലത്തെ സ്കൂൾ ഓർമ്മ പറഞ്ഞു.. “അവിടെ എപ്പളും അടിക്കും ചീത്ത പറയും. എന്റെ കുപ്പായം കീറിയതല്ലേ, എനിക്ക് നാറ്റം അല്ലേ.. ക്ലാസ്സിൽ ചാക്ക് വിരിച്ചിട്ടാണ് ഇരുന്നിരുന്നത്. നിലത്തിരിക്കുന്ന എന്നെ ടീച്ചറും കുട്ടികളും വെറുതെയും ചവിട്ടും..” ഏതോ ഒരു ജാതിയുടെ പേര് പറഞ്ഞു സങ്കടത്തോടെ അവൻ പറഞ്ഞു ഞങ്ങൾ അതാ..
സ്വാതന്ത്ര്യത്തിനു മുൻപ് ഉള്ള തന്റെ സ്കൂൾ ജീവിതത്തെ കുറിച്ച് അംബേദ്കറും ഇത് തന്നെ ആണ് ഓർമ്മക്കുറിപ്പിൽ പറഞ്ഞിരുന്നത്.. പക്ഷേ ചവിട്ടു കിട്ടി എന്ന് പറഞ്ഞിരുന്നില്ല. ഈ ഇന്ത്യയിൽ അവനു ഇപ്പോഴും കിട്ടിയത് ചാക്ക് തന്നെ.. കൂട്ടത്തിൽ ചവിട്ടും.
കയ്യിലുള്ള കച്ചറ ചാക്ക് നിറഞ്ഞാൽ അവനെ പോലുള്ള കുട്ടികൾ ഒരു സ്ഥലത്ത് ഒന്നിച്ചു ചേരും. മുതലാളിയുടെ വണ്ടിവന്നു അവരെ കേറ്റിക്കൊണ്ടു പോകും.. അവിടെനിന്നും കാശ് വാങ്ങി അവന്റെ ഗലിയിൽ എത്തുമ്പോൾ പുലർച്ചെ 3 മണി കഴിയും .. രാത്രി 8മണിക്ക് കച്ചറ പെറുക്കാൻ ഇറങ്ങുന്ന അവൻ വീട്ടിൽ എത്തി ഭക്ഷണം കഴിക്കുന്ന നേരമാണത്.
ഏതൊക്കെയോ സിനിമകളിൽ ഹീറോകളുടെ ബാല്യം കാണിക്കുമ്പോൾ ഉള്ള നിശ്ചയദാർഢ്യം അവന്റെ മുഖത്ത് ഉണ്ട്.
അനിയനെ പറ്റി ചോദിച്ചപ്പോ അവൻ പൂ പോലെ വിടർന്നു.. നൂറു നാവ്.. അവൻ രണ്ടാം ക്ലാസ്സിൽ ആണ്.. നന്നായി പഠിക്കും..ചിത്രം വരക്കും നല്ല വികൃതി ആണ്. തമാശക്കാരനാണ് എന്നൊക്കെ..
അനിയൻ സ്കൂളിൽ പോകുന്നുണ്ടോ ചോദിച്ചപ്പോ അവൻ ഒരു ടീച്ചറെ കുറിച്ചാണ് ആദ്യം പറഞ്ഞത്.. ഒരു ടീച്ചർ ഇവിടെ ഗലിയിൽ വന്നു അവന്റെ അനിയനെയും മറ്റു കുട്ടികളെയും സ്കൂളിൽ കൊണ്ടു പോയെത്രെ..ആ കുട്ടികളെ ആരെങ്കിലും കളി ആക്കിയാൽ ടീച്ചർ അവരെ ചീത്ത പറയും. അവൻ ആഹ്ലാദത്തോടെ പറഞ്ഞു.. അനിയനു ബുക്കും കുപ്പായവും ഒക്കെ ആ ടീച്ചർ ആണ് വാങ്ങിയതെത്രെ.. അനിയനു സ്കൂളിൽ പോവാൻ വലിയ ഇഷ്ടമാണ്..
എന്നും വൈകീട്ട് 5 മുതൽ 6 വരെ ടീച്ചർ ഇവനെയും ടീച്ചറുടെ വീട്ടിലേക്ക് വരുത്തി പഠിപ്പിക്കുന്നുണ്ട്. എനിക്ക് ഇപ്പോ ഇംഗ്ലീഷ് ഒക്കെ വായിക്കാൻ അറിയും അവൻ ലജ്ജയോടെ പറഞ്ഞു. ഞാൻ ചൂണ്ടിക്കാണിച്ച കടയുടെ പേര് അവൻ ഒറ്റയടിക്ക് വായിച്ചു..
പകൽ അവനു ടീച്ചർ തരപ്പെടുത്തിക്കൊടുത്ത അവന്റെ വീട് എന്ന ചായിപ്പിന്റെ ഉടമയുടെ കടയിൽ വാടകക്ക് പകരം ജോലി ചെയ്യണം.
കച്ചറ പെറുക്കിയാൽ അവനു 100 രൂപ ആണ് കൂലി. എത്ര കൂടുതൽ പെറുക്കിയാലും അതേ കിട്ടൂ. കുറഞ്ഞാൽ പൈസ കുറയുകയും ചെയ്യും..100 രൂപയിൽ നിന്നും 80 രൂപ അമ്മക്ക് കൊടുക്കും 20 രൂപ അവൻ എടുക്കും..
അതെന്തിനാ ഇരുപതു രൂപ നിനക്ക് ചോദിച്ചപ്പോ അത് അനിയൻ വലുതായാൽ പഠിക്കാൻ പൈസ വേണം അതിനത്രെ.. അങ്ങനെ അവൻ കൂട്ടി വെച്ച പൈസ ആരോ കട്ടെടുത്തത് അറിഞ്ഞ ടീച്ചർ അവനെയും അമ്മയെയും ചേർത്ത് ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങി കൊടുത്തിട്ടുണ്ട്..
പകലത്തെ അവന്റെ കഴുതപണിക്ക് കാശില്ല..രാത്രിയിലെ കച്ചറ പെറുക്കൽ കൊണ്ടാണ് അവൻ അവരെ ജീവിപ്പിക്കുന്നത്..
പകല് മുഴുവൻ കാശില്ലാ കഴുതപണി. രാത്രി മുഴുവൻ ഈ ജോലി. ‘ന്റെ കുഞ്ഞേ.. ന്റെ കുഞ്ഞേ..’ എന്ന് ഉള്ളിൽ ഉയരുന്ന കരച്ചിൽ കൊടുങ്കാറ്റിനെ ചങ്ങലക്കിട്ട് ഞാൻ ആ പന്ത്രണ്ടു വയസുകാരനെ ചേർത്തു പിടിച്ചു..അവൻ അമ്പരപ്പിൽ നോക്കി..
ഷോപ്പിംഗിൽ അറ്റം കണ്ട പേഴ്സിൽ ഉണ്ടായിരുന്ന
500 രൂപ കയ്യിൽ വെച്ച് കൊടുക്കുമ്പോൾ ഇതു എത്രയാ അറിയോ ചോദിച്ചതും അവൻ പറഞ്ഞു “മേരാ പാഞ്ച് ദിൻ കി കമായി “
അവന്റെ 5 ദിവസത്തെ രാത്രി അധ്വാനഫലം..
അല്പം മുൻപ് 700 രൂപക്ക് വാങ്ങിയ ചെരുപ്പ് എന്റെ കാലിൽ കിടന്ന് പൊള്ളി..
എനിക്കറിയാം ആ 500 അവൻ ബാങ്കിൽ കൊണ്ടുപോയി ഇടുകയേ ഉളളൂ.. അവൻ ഏതോ സിനിമയിൽ ഞാൻ കണ്ട രജനികാന്ത് ആണ്..
മക്കൾ ഷോപ്പിംഗ് കഴിഞ്ഞു മടക്കടാക്സി ബുക്ക് ചെയ്തതിനു wait ചെയ്തു നിൽക്കുമ്പോൾ അവൻ പിന്നെയും മറ്റൊരു വഴിയിലൂടെ എന്റെ വന്നു മുന്നിൽ പെട്ടു..
“ആദ്യം തന്ന പൈസ നീ സൂക്ഷിച്ചു വെച്ചോ ഇതു വീട്ടിലെ ആവശ്യത്തിനും അനിയനും നിനക്കും എന്തേലും വാങ്ങാനും എടുത്തോ..” ന്നും പറഞ്ഞു ഞാൻ കുറച്ചൂടെ പൈസ കൊടുത്തു..”എനിക്കൊന്നും വേണ്ട. ഇതോണ്ട് ഞാൻ അമ്മയെ ഡോക്ടറെ കാണിക്കും അവൻ പറഞ്ഞു “
അവന്റെ കീറിയ പാന്റിന്റെ പോക്കറ്റ് ഓട്ടയില്ലല്ലോ എന്ന് തപ്പി നോക്കി പൈസ കടലാസിൽ പൊതിഞ്ഞു ആ കടലാസ് പൊതി ഒരു സേഫ്റ്റി പിൻ കൊണ്ട് ഞാൻ അവന്റെ പാന്റിനോട് ചേർത്ത് പിൻ ചെയ്തു കൊടുത്തു..
ഞങ്ങൾക്ക് ഉള്ള യൂബർടാക്സി ഒരു മിനിറ്റിൽ എത്തും എന്ന് മോൾ ഫോൺ നോക്കി വിളിച്ചു പറഞ്ഞു..
അവന്റെ കവിളത്തു തട്ടി രണ്ടാമതും യാത്ര പറഞ്ഞപ്പോ അവൻ പറഞ്ഞു..
“ജിന്ദഗി ബർ യാദ് രഹേഖ ദീദി ആപ്കൊ “
ഞാൻ കരഞ്ഞു..
ഒരു ചെരിപ്പോ ഡ്രസ്സൊ വാങ്ങുമ്പോൾ ഞാൻ കൊടുക്കുന്ന പൈസക്ക് ആണ് അവൻ ജീവിതകാലം മുഴുവൻ എന്നെ ഓർക്കും എന്ന് പറയുന്നത്..
അതിലും വലിയ എത്രയോ പൈസയും സ്നേഹവും എന്റെ ജീവിതവും സമയവും നൽകി ,ഞാൻ സ്നേഹിച്ച പലരും ദുഷിപ്പ് പറഞ്ഞിട്ടുള്ളതും തള്ളിപ്പറഞ്ഞിട്ടുള്ളതും ഞാൻ ചെയ്തു കൊടുത്ത ഒന്നും ഓർമയില്ലാത്തപോലെ നടിച്ചതുമായ അനുഭവങ്ങൾ കരിനീലിച്ചു കിടക്കുന്ന എന്റെ ജീവിതത്തിൽ …എന്റെ കുഞ്ഞേ., നിന്റെ ഓർമ്മയിൽ ഞാൻ ഉണ്ടാവും എന്ന് നീ പറയുന്നത് കേൾക്കുമ്പോൾ കരയുകയല്ലാതെ ഞാൻ എന്ത് ചെയ്യാൻ..
കാർ വന്നു. ഞങ്ങൾ കേറുമ്പോൾ അവൻ ചിരിച്ചു കൈവീശി കാണിച്ചു മറികടന്നു പോയി..
മൂത്തമോൾ പേഴ്‌സ് തുറന്നു അവനു എന്തോ കൊടുക്കുന്നത് കണ്ടു. എത്ര എന്ന് ഞാൻ ചോദിച്ചില്ല..
“ചെറിയൊരു കുട്ടി. എത്ര വലിയ ചാക്ക് ആണ് ഏറ്റുന്നത്.. പാവം… അമ്മ എന്താ അവനോടു ചോദിച്ചോണ്ട് നിന്നിരുന്നത് ” അവൾ ചോദിച്ചു..
നെഞ്ച് കനത്ത് എനിക്കപ്പൊ അതിനു മറുപടി പറയാൻ കഴിഞ്ഞില്ല..
ഇത്രയും വാരിവലിച്ചു എഴുതാൻ കാരണം ഞാൻ അവനു ചെയ്ത കേവലം അതിതുച്ഛം ആയ സഹായത്തെ കുറിച്ചു വിളിച്ചു പറയാൻ അല്ല.
വെറും ഒരു ഏഴാം ക്ലാസുകാരൻ കുഞ്ഞൻ തോറ്റു കൊടുക്കാതെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന രീതിയും.,കാശ് കൈകാര്യം ചെയ്യുന്ന വിധവും പറയാൻ ആണ്..എനിക്കൊന്നും അവന്റെ കാല് തൊടാൻ പോലും യോഗ്യത ഇല്ലെന്നു വിളിച്ചു പറയാൻ വേണ്ടി ആണ്..അവൻ ആണ് അക്ഷരംപ്രതി രക്ഷകർത്താവ് എന്ന് പറയാൻ വേണ്ടി ആണ്..
അതിനൊക്കെ അപ്പുറം അവന്റെ അനിയന്റെ ടീച്ചറേ കുറിച്ചു പറയാൻ ആണ്..
ആ ടീച്ചറെക്കുറിച്ചു പറയാൻ വേണ്ടി മാത്രം ആണ്..
എന്തൊരു ഗ്രേറ്റ്‌ലേഡി ആണ് അവർ. ദൈവവും ദൈവാoശം ഉള്ളവരും, ദൈവത്തിന്റെ അനുയായികളും, ആരാധനാലയങ്ങളിൽ അല്ല..
ഇവർക്കൊക്കെ ഒപ്പം ഇങ്ങനെ ആണ്. പല വേഷത്തിൽ.. രൂപത്തിൽ..
ആ ടീച്ചറുടെ , എനിക്ക് അജ്ഞാത ആയ ആ ദൈവസ്ത്രീയുടെ കാലിൽ മനസ്സു കൊണ്ട് ഉള്ളു നിറഞ്ഞ ആദരവോടെ തൊട്ടു വന്ദിക്കുന്നു..
അവരുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും ഉള്ളു നൊന്ത് പ്രാർത്ഥിക്കുന്നു..
എന്റെ കുഞ്ഞു രജനീകാന്തേ നീയും വിജയിച്ചു വാഴ്ക.